2014 നവംബർ 23, ഞായറാഴ്‌ച

baa -- baa -- black --sheep



baa -- baa -- black --sheep
----------------------------------
ഇന്നു ഞങ്ങളുടെ പെൻഷൻ കാരുടെ യുണിയൻ മീറ്റിംഗ് ഉണ്ടായിരുന്നു. ബസ്സിറങ്ങിയിട്ടു കുറച്ചു നടക്കണം. വഴിയിൽ ഒരു കെട്ടിടത്തിൽ നിന്നും (പ്ലേ സ്കൂൾ ആണെന്ന് തോന്നുന്നു ) കുട്ടികൾക്ക് nursery പാട്ടുകൾ പാടിക്കൊടുക്കുന്ന ശബ്ദം.
“Baa baa black sheep
Have you any wool
Yes sir- yes sir- three bags full
------“
എനിക്ക് സമയമുണ്ടായിരുന്നത്‌ കൊണ്ട് അല്പം നേരം ശ്രദ്ധിച്ചു. അടുത്ത പാട്ട് :
Johny- johny, Yes papa
Eating sugar?., No papa.
Telling lie? No papa.
Open your mouth, Ha ha ha.

ഒരു ടീച്ചർ ചൊല്ലി കൊടുക്കുന്നു. കുഞ്ഞുങ്ങൾ എന്തൊക്കെയോ ഏറ്റു പാടുന്നു.
ഞാൻ മുൻപോട്ടു നടന്നു.

നമ്മുടെ കുഞ്ഞുങ്ങൾ നാക്ക് തിരിയും മുൻപ് ഇംഗ്ലീഷ് പാട്ടുകൾ കൊഞ്ചി കൊഞ്ചി പാടുമ്പോൾ വീട്ടുകാർക്ക് എന്ത് സന്തോഷം അഭിമാനം. വീട്ടിൽ അതിഥികൾ വരുമ്പോൾ അവരുടെ മുൻപിൽ കുട്ടികളുടെ പാട്ട് അവതരിപ്പിച്ചു കയ്യടിക്കും.
വേറെയും ചില പാട്ടുകൾ ഞാൻ ഓർത്ത് നോക്കി. Jack and Jiil, Humpy dumpy sat on a wall, Butterflies are pretty thing, Twinkle Twinkle little star, Hot cross bun. Rain rain go away.   തുടങ്ങിയ ഈ പാട്ടുകൾക്കൊന്നും കാര്യമായിട്ട് അർത്ഥമോ കുഞ്ഞുങ്ങളുടെ വ്യക്തിത്വ രൂപീകരണത്തിനുതകുന്ന എന്തെങ്കിലുമോ ഉണ്ടെന്നു എനിക്ക് തോന്നാത്തത് എന്റെ ബുദ്ധിയില്ലായ്മയായിരിക്കാം.
മലയാളത്തിൽ കുഞ്ഞുങ്ങൾക്കു പാടി പാടി വളരാൻ പറ്റിയ പാട്ടുകളൊന്നും ഇല്ലേ. ഈ ശ്രേഷ്ഠ ഭാഷയിൽ കവികൾ കുഞ്ഞുങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തില്ലേ.
തീർച്ചയായും നമ്മുടെ ഭാഷാകവികൾ കുഞ്ഞുങ്ങളെ മറന്നിട്ടില്ല. അവരുടെ സ്വഭാവ രൂപീകരണത്തിനും, സംഗീതബോധം ഉണർത്താനും, അർത്ഥ സംപുഷ്ടവുമായ എത്രയോ കുഞ്ഞികവിതകൾ. "കാക്കേ കാക്കേ കൂടെവിടെ " പടിയിട്ടില്ലാത്ത കുഞ്ഞുങ്ങൾ ഇപ്പോഴത്തെ തലമുറയിൽ കണ്ടേക്കാം. "പൂവുകൾ തെണ്ടും പൂമ്പാറ്റ"  "ഒന്നാനാം കൊച്ചുതുമ്പീ " "അണ്ണാറക്കണ്ണാ തൊണ്ണൂറുമൂക്കാ" "കൂകൂ കൂകും തീവണ്ടി" " പ്രാവേ പ്രാവേ പോകരുതേ " " വാ കുരുവീ വരൂ കുരുവീ " " കുഞ്ഞേ കുഞ്ഞേ കോഴിക്കുഞ്ഞേ നിന്റമ്മയെവിടെ പോയി, " അങ്ങിനെ എത്രയോ. കുഞ്ഞുണ്ണി മാഷ് എന്തുമാത്രം കുട്ടിക്കവിതകളാണ് മലയാളത്തിലെ കുഞ്ഞുങ്ങൾക്ക്‌ തന്നിട്ടുള്ളത്. പിന്നെ നമ്മുടെ നാടൻ പാട്ടുകൾ. ഇതെല്ലാം വിട്ടിട്ടു നാം എന്തിനു അർത്ഥമില്ലാത്ത baa baa black sheep പോലെയുള്ളവ ചൊല്ലി പഠിക്കണം.
 ഈ കവിതകൾ കുഞ്ഞുങ്ങളെ കൊണ്ടു പാടിച്ചാൽ അവരുടെ സ്റ്റാൻഡേർഡ് കുറഞ്ഞു പോകുമോ.? ലോകത്ത് മലയാളികലല്ലാതെ വേറെ ആരും സ്വന്തം ഭാഷയെ തിരസ്കരിക്കുകയും, നിന്ദിക്കുകയയും, അവഹേളിക്കുകയും ചെയ്യുന്നവരുണ്ടെന്നു എനിക്ക് തോന്നുന്നില്ല. മലയാളം പഠിച്ചാൽ കുഞ്ഞുങ്ങളുടെ ഭാവി ഇല്ലാതാകും എന്നു പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ഭാഷകൾ പഠിക്കുന്നത് നല്ലത് തന്നെ. ഒരു ഭാഷ പഠിക്കുമ്പോൾ നാം ആ സംസ്കാരവും, അറിവും, വിജ്ഞാനവും കൂടിയാണ് സ്വന്തമാക്കുന്നത്. ഇംഗ്ലീഷ് വളരെ സമ്പന്നമായ ഭാഷ തന്നെയാണ്. പക്ഷെ മാതൃ ഭാഷയെ അവഗണിക്കുന്നത് മാതാവിനെ നിന്ദിക്കുന്നത്‌ പോലെയാണ്. വേരില്ലാത്ത മരം പോലെയാണ്. നമ്മുടെ ഭാഷ വളരെ പാരമ്പര്യമുള്ളതും സമ്പന്നവുമാണ്.
 ഞാൻ പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ എന്നെ തല്ലിക്കോ.! ഞാൻ മീറ്റിംഗ്  നു പോകുന്നു . എല്ലാവരും എത്തിക്കാണും.
(photo from Google)

2 അഭിപ്രായങ്ങൾ:

  1. ഇന്ഗ്ലീഷ് കുട്ടിക്കവിതകൾ നല്ല അർഥമുള്ളവ തന്നെയല്ലേ ? മാത്രമല്ല മലയാളത്തിലും പോപ്പുലർ ആയ മേരിക്കുണ്ടൊരു കുഞ്ഞാടൊക്കെ ഇംഗ്ലീഷിൽ നിന്നുള്ള മൊഴിമാറ്റം ആയിരുന്നല്ലോ. ഇംഗ്ലീഷ് സോങ്ങ് അനിമേഷൻ ഒത്തിരി അവെയ്ലബിളാണു. ഇപ്പോ മലയാളത്തിലും ഉണ്ട്. മലയാളത്തിലും സിപ്പി പള്ളിപ്പുറത്തിന്റെ ഒക്കെ ഒത്തിരി ഉണ്ട്.
    പിന്നെ ഇംഗ്ലീഷും മലയാളവും പാടി പഠിക്കട്ടെ കുട്ടികൾ. നമ്മൾ ഇംഗ്ലീഷ് പഠിക്കുകയും മംഗ്ലീഷിൽ റ്റൈപ്പുകയും ചെയ്യുന്നില്ലേ. :)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇംഗ്ലീഷും മലയാളവും പാടി പഠിക്കട്ടെ കുട്ടികൾ. തീര്ച്ചയായും. പക്ഷെ മാതൃഭാഷയെ അവഗണിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന പ്രവണത കേരളത്തില കാണുന്നു. ചില സ്കൂളുകളിൽ കുട്ടികൾ മലയാളം പറയുന്നത് പോലും വിലക്കിയിരിക്കുന്നു. മലയാളം മാധുര്യമുള്ള ഭാഷയാണ്‌. നമ്മുടെ കുട്ടികൾ അതു അനുഭവിക്കുന്നത് നിഷേധിക്കരുത്. പൂമ്പാറ്റയെന്നും തുമ്പിയെന്നും പറയുന്നതല്ലേ ബട്ടർഫ്ലൈ, ഡ്രാഗണ്‍ ഫ്ലൈ എന്നൊക്കെ പറയുന്നതിനേക്കാൾ നമുക്ക് സുഖം തോന്നുന്നത്.
      വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

      ഇല്ലാതാക്കൂ